Monday, May 3, 2010

ഹങ്ങനെ ഞാനും ബ്ലോഗ് തുടങ്ങിയേയ്..

ഒരു ബ്ലോഗില്ലാതെ ഇവിടെ പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണല്ലോ ദൈവമെ..കണ്ട അണ്ടനും അടകോടനും വരെ മുറ്റ് ബ്ലോഗും തൊടങ്ങി അഡ്രസ്സ് ഇമെയിലായി അയച്ചേക്കുന്നു..(ഹയ് ഇതില്‍ അടകോടന്‍ എന്ന പേര് ദാ ഇപ്പവരെ ബ്ലോഗ്സ്പോട്ടില്‍ ആരും ബുക്ക് ചെയ്തിട്ടില്ല! ഞാന്‍ ഒരു സാദാ അടകോടന്‍ അല്ലാത്തതിനാല്‍ അതെടുത്തില്ലന്നേയുള്ളൂ...അല്ലാതെ ഈ ബ്ലോഗ് ക്രിയേറ്റ് ചെയ്യുമ്പോള്‍ ക്രിയേറ്റിവായി ചിന്തിക്കാഞ്ഞിട്ടല്ല..‍)ഹെന്തു ചെയ്യാനാ..അപ്പോപ്പിന്നെ തൊടങ്ങിയേക്കാംന്നുവച്ചു. അന്തവുംമുന്തവും ചിന്തിക്കാതെ പേരുമിട്ടു..ഇല്ലെങ്കിലെ ഇന്റര്‍നെറ്റിന്റെ ദാരിദ്ര്യരേഖയ്ക്കു താഴെപ്പോയേനെ...

ഏതായാലും ഒരു ഫുള്‍ ഫ്ലെഡ്ജ് ബ്ലോഗ് കൊണ്ടു നടക്കാനുള്ള സമയം എന്റെ കയ്യിലില്ലാത്തതു കൊണ്ടു(ആരാധകര്‍ പൊറുക്കണം..ടൈമില്ലാത്തോണ്ടല്ലേ..അല്ലാതെ ഭാവനയില്ല എന്നൊന്നും തെറ്റിദ്ധരിക്കരുത്)ഒരു എന്നാറൈക്കാരന്‍ മേടിച്ചിട്ട തെങ്ങിന്‍തോപ്പിന്റെ അയല്‍പക്കത്തുള്ള സ്വന്തക്കാരെപ്പോലെ വല്ലപ്പോഴും ഒന്നു ഈ പറമ്പില് വന്നു കാറ്റു കൊണ്ടിട്ടു പോണം. മണ്ടയില്‍ മണ്ഡരിയായതിനാല്‍ തേങ്ങയൊക്കെ കൊറവായിരിക്കും, എന്നാലും ഒരു കണ്ണു വേണം.

പോപ്പുലര്‍ ആകണം.. പ്രശസ്തനായ ബ്ലോഗ്ഗര്‍ ആകണം..ആള്‍ക്കാര്‍ പറഞ്ഞു നടക്കണം എന്നൊന്നും ആഗ്രഹമില്ലാത്ത ഒരെയൊരു ബ്ലോഗര്‍ എന്ന രീതിയില്‍ (അത്യാവശ്യം നന്നായി) അറിയപ്പെടാനാണു എന്റെ എളിയ ആഗ്രഹം..

അപ്പോ പറഞ്ഞപോലെ തലമണ്ടയില്‍ തേങ്ങാക്കൊല പൂത്തു കായ്ക്കുമ്പോള്‍ ഞാനിവിടെ വെട്ടിയിട്ടേക്കാം..തേങ്ങപെറുക്കാന്‍ കുട്ടയുമായി വരുമെന്ന പ്രതീക്ഷയുമായി...